Temple

 

About Temple


ഏകദേശം മുന്നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ളതും, പുരാതനവും, വളരെ പ്രസിദ്ധവുമായ "താഴൂർ ഭഗവതി ക്ഷേത്രം" സ്ഥിതിചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്നും 4.5 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ജില്ലയിലെ ഒമല്ലൂർ പഞ്ചായത്തിൽ വാഴമുട്ടം എന്ന സ്ഥലത്ത്, അച്ചന്കോവിലാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ സ്ഥലത്താണ്.

പ്രധാന ദേവതയായ ശ്രീ പാർവതിയുടെ അവതാരമായ ശ്രീ ഭദ്രാദേവിക്കായി (ശാന്ത ഭാവം) ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഗണപതി, ശിവൻ, ശാസ്താവ്, നാഗദേവത, മഹായക്ഷി, മാടസ്വാമി, ഭൂതത്താൻ എന്നിവയാണ് ഇവിടെ ആരാധിക്കപ്പെടുന്ന മറ്റ് ഉപദേവതകൾ.

കല്ലിലും മരത്തിലും ആയി തീർത്ത നവീകരിച്ച താഴൂർ ഭഗവതി ക്ഷേത്ര സമർപ്പണം 2021 ജനുവരി 25 ആം തീയതി ആയിരുന്നു. മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ഭഗവതിക്ഷേത്രം, ശില്പകലകളാൽ ശ്രദ്ധേയമാണ്. പൂർണ്ണമായും കൃഷ്ണ ശിലകളിൽ പൂർത്തിയാക്കിയ അപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് താഴൂർ ഭഗവതിക്ഷേത്രം.

അപൂർവത കൊണ്ടും സൂക്ഷ്മമായ നിർമാണശൈലി കൊണ്ടും ശ്രദ്ധേയമാണ് ഇവിടുത്തെ ശിൽപ കലകൾ. ബലിക്കൽപ്പുര മുതൽ ഈ സൗന്ദര്യം ആസ്വദിച്ച് അറിയാം. തടിയിലും കല്ലിലും തീർത്ത കൊത്തുപണികൾ ഓരോന്നും ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ക്ഷേത്രത്തിലെ തൂണുകൾ പൂർണ്ണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപ കന്യകമാരെയും കാണാം. കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവ്വമായി കാണുന്ന അക്ഷര ദേവതാ ശില്പങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരിൽ ആണ് അൻപത്തിയൊന്നു അക്ഷരങ്ങളിലും നിറയുന്ന ദേവി മന്ത്ര രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നത്.

നമസ്കാര മണ്ഡപത്തിന്റെ നാലു തൂണുകളിലായി സപ്തമാതാക്കൾ ആയ ബ്രഹ്മി, വൈഷ്ണവി, ഇന്ദ്രാണി, മഹേശ്വരി, കൗമാരി, വരാഹി, ചാമുണ്ഡി തുടങ്ങിയവരും, സപ്ത കന്യകളും, ശാസ്താവ്, ഗണപതി തുടങ്ങിയവരുടെ ശിലയിൽ തീർത്ത ശിൽപ്പങ്ങളും, നമസ്കാര മണ്ഡപത്തിന് മുകളിലായി അഷ്ടലക്ഷ്മി രൂപങ്ങൾ ദാരുശില്പങ്ങളായും നിർമ്മിച്ചിട്ടുണ്ട്.

വലിയ ബലിക്കൽപ്പുരയുടെ മുകളിലായി സൂര്യനു ചുറ്റുമുള്ള നവഗ്രഹ സങ്കല്പത്തിലുള്ള ദാരുശില്പങ്ങൾ ഉണ്ട്. അതുകൂടാതെ പക്ഷി മാല, മൃഗ മാല തുടങ്ങിയ വളരെ ശ്രേഷ്ഠമായ കേരളീയ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ദാരുശില്പങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യക്ഷിഅമ്മയുടെ കോവിലിനു മുന്നിലുള്ള കൂട്ടിയോജിപ്പുകൾ ഇല്ലാത്ത ഒറ്റക്കല്ലിൽ തീർത്ത ചങ്ങല വളരെയേറെ പ്രത്യേകതയും, കൗതുകവും, ശില്പ ചാതുര്യവും നിറഞ്ഞ നിർമ്മിതിയാണ്. ക്ഷേത്രത്തിന്റെ ഉൾവശത്തു വളരെ ശ്രേഷ്ഠമായ കൊത്തുപണികളും, ദാരുശില്പങ്ങളും, ശില്പങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് വിശാലമായ ആനക്കൊട്ടിൽ, അതിർത്തി മതിൽ, കല്ലിലും മരത്തിലും തീർത്ത കരകൗശല കൊത്തുപണികൾ നിറഞ്ഞ പ്രവേശന ഗോപുര കവാടം (അലങ്കര ഗോപുരം) എന്നിവ ക്ഷേത്രത്തിൻറെ ആഢ്യത്വത്തിനും മനോഹാരിതക്കും മാറ്റുകൂട്ടുന്നു.

തനതു കേരളീയ വാസ്തു വിദ്യാശൈലി പിന്തുടർന്നുള്ള നവീകരണം നാലു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. തടി പണികൾ പൂർണ്ണമായും പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നീ തടികളിൽ ആണ് പൂർത്തിയാക്കിയിരിക്കുന്നത്. ആറന്മുള വാസ്തു വിദ്യ ഗുരുകുലത്തിലെ പ്രധാന അധ്യാപകനായ A.B ശിവനാണ് ക്ഷേത്ര സമുച്ചയത്തിന് രൂപകൽപ്പനയും നേതൃത്വവും വഹിച്ചത്.

മേൽക്കൂരയുടെ തടിപ്പണികൾ തൃശ്ശൂർ ചേലക്കര സ്വദേശി സുരേഷ് മൂത്താശാരിയും, തടികളിലെ കൊത്തുപണികൾ തൃശ്ശൂർ സ്വദേശി സുധീർ കുമാറും, ശിലാ നിർമ്മിതികൾ തൃശിനാപ്പള്ളി സ്വദേശി ദ്വരയ് രാജ് ആചാരി, മാർക്കണ്ഡേയൻ ആചരി (ശില്പികൾ) എന്നിവരുടെ നേതൃത്വത്തിലും ആണ് പൂർത്തിയാക്കിയത്.

ക്ഷേത്രനിർമ്മാണത്തിന് ആവശ്യമായ മുഴുവൻ കൃഷ്ണ ശിലകളും എത്തിയത് തൃശിനാപ്പള്ളിക്ക് സമീപമുള്ള നാമക്കലിൽ നിന്നാണ്. 35 പേരുടെ നേതൃത്വത്തിൽ രണ്ടു വർഷമെടുത്തു കൊത്തുപണി കൾക്ക്. തുടർന്ന് ക്ഷേത്രത്തിലുള്ള പ്രവർത്തനങ്ങൾ 12 പേരുടെ നേതൃത്വത്തിൽ ഒന്നരവർഷം കൊണ്ടും പൂർത്തിയായി.

വള്ളിക്കോട്, വാഴമുട്ടം കിഴക്ക്, വാഴമുട്ടം പടിഞ്ഞാറ്, മുള്ളനിക്കാട് എന്നീ നാല് കരകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണസമിതിയാണ് ക്ഷേത്രഭരണത്തിൽ മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ നാല് കരകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന നിർമ്മാണ കമ്മിറ്റി ആണ് ക്ഷേത്രം പണിക്ക് നേതൃത്വം നൽകിയത്. 2016 മെയ് 12 തീയതി ദേവഹിതം നോക്കി ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു. 2017 ഫെബ്രുവരി 11 ആം തീയതി ക്ഷേത്ര ശ്രീകോവിലിന് തറക്കല്ലിടുകയും തുടർന്ന് ഓരോ ഘട്ടത്തിലും നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആണ് ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടെ മധ്യതിരുവിതാംകൂറിലെ തന്നെ ശിൽപ്പ ചാരുത നിറഞ്ഞ ക്ഷേത്രങ്ങളിൽ ഒന്നായി താഴൂർ ഭഗവതിക്ഷേത്രം മാറിക്കഴിഞ്ഞു. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൈരവിക്കോലം എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് താഴൂർ ഭഗവതിക്ഷേത്രം.

ബ്രഹ്മ ശ്രീ താഴമൺ മഠം കണ്ഠരര് രാജീവരര് ആണ് ക്ഷത്രം തന്ത്രി.

Copyright © Thazhoor Devaswom Committee 2024 -  All rights reserved.
About | Contact | Privacy Policy