കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം കടൽനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരൻ ചെങ്കുട്ടുവൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണഗിക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും അതിനെ 'കണ്ണകി കോട്ടം' അല്ലെങ്കിൽ 'മംഗളാദേവി കണ്ണകി ക്ഷേത്രം' എന്ന് വിളിക്കുകയും പതിവ് പൂജകൾ നടത്തുകയും ചെയ്തിരുന്നു.
"ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്.കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. 1980 കൾക്ക് ശേഷം തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.
ഐതിഹ്യം
പാണ്ഡ്യനാടായ മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ചേരനാട്ടിൽ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. പുരാതന ചേര- പല്ലവ- പാണ്ഡ്യ ശൈലിയിൽ ശിലാപാളികൾ അടുക്കിവെച്ച നിർമാണരീതിയാണ് കാണാൻ സാധിക്കുന്നത്. അതിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.
ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം പൂഞ്ഞാർ രാജവംശത്തിന്റെയും പിന്നീട് തിരുവിതാംകൂർ രാജവംശത്തിന്റെയും കൈകളിൽ ആയിരുന്നു. 1980-കളിൽ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്ന് അറിഞ്ഞ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശം മുഴുവൻ കേരള വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്.
ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.
സുപ്രധാന വിവരങ്ങൾ
• ചിത്രാപൂർണിമ വാർഷിക ഉത്സവ സമയത്ത് മാത്രമേ ക്ഷേത്ര സമുച്ചയത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കൂ. ( ഏപ്രിൽ / മെയ് )
• അമ്പലത്തിലേക്കുള്ള പ്രവേശനം രാവിലെ 6 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.
• തീർത്ഥാടനം രാവിലെ 6 മണിക്ക് ആരംഭിക്കും എന്നാൽ വാഹനത്തിനുള്ള എൻട്രി ടോക്കണുകളുടെ ക്യൂ അർദ്ധരാത്രിയോടെ ആരംഭിക്കും.
• ക്ഷേത്രത്തിലേക്കുള്ള വഴി ഇടതൂർന്നതും നിബിഡവനങ്ങളാൽ മൂടപ്പെട്ടതുമായതിനാൽ ക്ഷേത്രത്തിലെത്താൻ ഏറ്റവും ഇഷ്ടപ്പെട്ട മാർഗ്ഗം ജീപ്പാണ്.
• ഊർജസ്വലരായവർക്ക് 13-15 കിലോമീറ്റർ നടക്കാനും സാധിക്കും. ( വന്യജീവികളെ സൂക്ഷിക്കുക )
• ക്ഷേത്ര ദർശനം നടത്തുന്നവർക്ക്, വെള്ളവും ആഹാരവും കരുതാവുന്നതാണ്. വെള്ളത്തിന് കാടിനകത്ത് പലയിടത്തായി, നിശ്ചിത അകലത്തിൽ ഇരു ഡിപാർട്ട്മെൻറിന്റെയും കുടിവെള്ളം വിതരണമുണ്ട്.
• ക്ഷേത്രത്തിൽ മാന്യമായ വസ്ത്രം ധരിക്കുക,ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.
• ക്ഷേത്രത്തിൽ തിരക്ക് കൂടുതലാണ്, പൂജകൾക്കും ആചാരങ്ങൾക്കും വേണ്ടി ഒന്നിലധികം തവണ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരും.
• മുകളിൽ നല്ല ചൂടാണ്, നിങ്ങൾക്ക് വിശ്രമിക്കാനുള്ള ഷേഡുകളൊന്നുമില്ല.
• കുമളി ബസ് സ്റ്റേഷനിൽ നിന്ന് ടാക്സി ജീപ്പുകൾ (4x4) ലഭ്യമാണ്. പാസ് ഉള്ള വാഹനങ്ങൾ മാത്രമേ അമ്പലത്തിലേക്ക് കടത്തി വിടൂ.
• തിരക്കൊഴിവാക്കാൻ രാവിലെ 5 മണിക്ക് തന്നെ കുമിളിയിൽ എത്തിചേരാൻ ശ്രമിക്കുക.
• ഉത്സവ ദിനത്തിൽ ഏകദേശം 500 ജീപ്പുകൾ ഷട്ടിൽ സർവീസ് നടത്തുന്നു, മലിനീകരണ മാസ്ക് നിർബന്ധമാണ്.
( ജീപ്പിൽ ഏകദേശം ഒരാൾക്ക് 100/150 രൂപ ആയിരിക്കും )• നിങ്ങൾക്ക് പൊടി അലർജിയുണ്ടെങ്കിൽ ഒരിക്കലും പോകരുത്.
• അംബലത്തിലെ പൂജക്ക് ശേഷം, വൈകുന്നേരം ഇടിവെട്ടോടുകൂടി മഴയുണ്ടാകും എന്നത് സ്ഥിരം കാഴ്ച്ചയാണ്. അതിനാൽ കുട കരുന്നത് നല്ലതാണ്.
• പ്ലാസ്റ്റിക്ക് അനുവദീനീയമല്ല, മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല, പുകയില പുകയില ഉൽപ്പന്നങ്ങൾ, മദ്യങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കയാണ്, നിയമ പരിപാലനത്തിന് കേരളാ പോലീസ്സിന്റെയും, തമിഴ്നാട് പോലീസ്സും അവരെ സഹായിക്കാൻ റാപ്പിഡ് ആക്ഷൻ ഫോമീസും ഫയർഫോഴ്സും ണ്ട്. പ്രധാന പ്രവേശന കവാടത്തിൽ പോലീസിന്റെ പരിശോധനയുണ്ടാകുന്നതാണ്. നിയമം തെറ്റിച്ചാൽ പിഴയായി വൻ തുക ഈടാക്കുന്നതാണ്.
• അംമ്പലത്തിൽ, കേരള - തമിഴ്നാട് പൂജകളുണ്ട്.അവിടെ കേരള - തമിഴ്നാട് സർക്കാർ സൗജന്യമായി രണ്ടു തരം ഉച്ചഭക്ഷണം വിളമ്പുന്നുണ്ട്.