Blogs

 

ശബരിമല ചരിത്രം, വ്രതാനുഷ്ഠാനം, ഇരുമുടിക്കെട്ട്, തീർത്ഥാടനം


ശബരിമല ചരിത്രം, വ്രതാനുഷ്ഠാനം, ഇരുമുടിക്കെട്ട്, തീർത്ഥാടനം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു. അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ശിവൻ, വിഷ്ണു എന്നിവരുടെ പുത്രനായ അയ്യപ്പനാണ് പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശക്തി, ശ്രമണ എന്നിവയുടെ ഒരു സമ്മിശ്രണമാണ്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ചാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമെ പവിത്രമായ 18 പടികൾ കയറാൻ അനുവദിക്കൂ. "നെയ്യഭിഷേകമാണ്" ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്.

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു.

സ്ഥലനാമം

രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തിൽപ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ ശ്രീരാമൻ, ഇനി ഈ സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ഈ സ്ഥലത്തിനു "ശബരിമല" എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്.

ഐതിഹ്യങ്ങൾ


പന്തളം രാജവംശത്തിൻെറ്റ വാസസ്ഥലമായ പന്തളം കൊട്ടാരം അച്ചൻകോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. ആ സമയം അവിടെ ആഗതനായ അഗസ്ത്യ മഹർഷി രാജാവിൻെറ്റ വ്യാകുലതകൾ അകറ്റികൊണ്ടു പറഞ്ഞു.

"മഹാരാജാവേ, ഈ ബാലനെ കൊട്ടാരത്തിൽ കൊണ്ടുപോയി പുത്രനായി വളർത്തുക.ഈ കഴുത്തിൽ കാണുന്ന മണി നോക്കൂ. അതുതന്നെ ദിവ്യത്വത്തിൻെറ്റ ലക്ഷണമാണ്.ഇവനെ മണികണ്ഠൻ എന്ന് വിളിക്കാം. ഇവൻ നിമിത്തം രാജ്യത്തിനും രാജവംശത്തിനും അളവറ്റ ശ്രേയസ്സുകൾ ഉണ്ടാകും."


ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം ചീരപ്പൻചിറ കളരിയിൽ നിന്ന് കളരിമുറകൾ അഭ്യസിച്ച മണികണ്ഠനെ പന്തളരാജൻ യുവരാജാവായി വാഴിക്കാൻ തീരുമാനിച്ചു. എന്നാൽ മണികണ്ഠനോട് അസൂയ പുലർത്തിയിരുന്ന മന്ത്രി പല കുതന്ത്രങ്ങളുമുപയോഗിച്ച് രാജ്ഞിയെ പാട്ടിലാക്കി. മണികണ്ഠനെ അളവറ്റ് സ്നേഹിച്ചിരുന്ന രാജ്ഞി മന്ത്രിയുടെ പൊളളയായ വാക്കുകൾ കേട്ട് അവർ മെനഞ്ഞ പദ്ധതികൾ പ്രകാരം കഠിനമായ വയറുവേദന നടിച്ചു. കൊട്ടാരം വെെദ്ധ്യർ മന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്ഞിയുടെ കലശലായ വയറുവേദനക്ക് പുലിപ്പാൽ മാത്രമാണ് ഏക ഉപായമെന്ന് പറഞ്ഞു. അവതാര ഉദ്ദേശം പൂർത്തിയാകാൻ സമയമായതിനാലാണ് നല്ലവളായ രാജ്ഞി പോലും മന്ത്രിയുടെ വാക്കുകളെ വിശ്വസിച്ചത്


ആരെക്കൊണ്ടും നടക്കില്ല എന്ന് വിചാരിച്ചത് മണികണ്ഠൻ ഏറ്റെടുത്തു. പുലിപ്പാലിനായി കൊടും കാട്ടിലേക്ക് പുറപ്പെട്ട മണികണ്ഠൻ മഹിഷിയെ നിഗ്രഹിച്ച് ഒരു പറ്റം പുലികളുമായി പന്തളത്തെത്തി. ഇതുകണ്ടവർ നാലുപാടും ചിതറി ഓടി. മണികണ്ഠൻ ഒരു സാധാരണ മനുഷ്യനല്ലെന്ന് മനസ്സിലാക്കിയ രാജാവും രാജ്ഞിയും മന്ത്രിയും കൊട്ടാരത്തിലുണ്ടായിരുന്ന മറ്റുളളവരും മണികണ്ഠനെ തൊഴുതു വണങ്ങി.

തൻറ്റെ അവതാര ഉദ്ദേശം പൂർത്തീകരിച്ച മണികണ്ഠൻ രാജാവിനോട് ശബരിമലയിൽ തനിക്കായി ഒരു ക്ഷേത്രം പണിയണമെന്നും തന്നെ പോകുവാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു. അനന്തരം അപ്രത്യക്ഷനായ മണികണ്ഠനെ അയ്യനെ എന്നും അപ്പനെ എന്നും ജനങ്ങൾ വിളിച്ചു. ഇപ്രകാരമാണ് മണികണ്ഠന് അയ്യപ്പൻ എന്ന പേര് ലഭിച്ചത്.


പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.


തീർത്ഥാടനം

കൊല്ലവർഷം വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നു. ധനു മാസം പതിനൊന്നാം തീയതി അവസാനിക്കുകയും ചെയ്യുന്നു. 41 ദിവസം നീണ്ടു നില്ക്കുന്ന ഈ തീർത്ഥാടനകാലമാണ് മണ്ഡല കാലം. ഡിസംബർ-ജനുവരി മാസങ്ങളിലായിട്ടാണ് ഈ കാലം. ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു. വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

പുണ്യവും പാപവും ഉൾക്കൊള്ളുന്നതായി സങ്കൽപ്പിക്കപ്പെടുന്നതും അയ്യപ്പഭക്തന്മാർ മണ്ഡലകാലത്ത് തങ്ങളുടെ തലയിലേറ്റിക്കൊണ്ടുപോകുന്നതുമായ ഒരു ഭാണ്ഡമാണ് ഇരുമുടിക്കെട്ട്. ശബരിമലതീർത്ഥാടകർ, "പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട്" എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് ഭക്തന്മാർ കണക്കാക്കുന്നത്. നിരവധിയായ ചടങ്ങുകളോടെയും ആചാരങ്ങളൊടെയുമാണ് ഈ കെട്ടു നിറയ്ക്കാറുള്ളത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവർക്ക് കറുപ്പ, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ചു ഇരുമുടിക്കെട്ടു തയ്യാറാക്കാവുന്നതാണ്. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ (തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറയ്ക്കുന്നു, ഇത് നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നു), അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്ത്തേങ്ങയുമാണ് ആദ്യമായി കെട്ടിനുള്ളിൽ നിറയ്ക്കേണ്ടത്. ഇതു നിറക്കുന്ന സമയം ശരണം വിളികൾ അന്തരീക്ഷം മുഖരിതമാകുന്നു. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. വഴിപാടു സാധനങ്ങളോടൊപ്പം യാത്രാവേളയിൽ ഭക്തന്മാർക്കു കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും ഇതിൽ ഉൾപ്പെടുത്തുന്നു.


വ്രതാനുഷ്ഠാനം

1) ശരിയായ വീക്ഷണം 2) ശരിയായ ലക്‌ഷ്യം 3) ശരിയായ ഭാഷണം 4) ശരിയായ പ്രവൃത്തി 5) ശരിയായ ഉപജീവന മാർഗ്ഗം 6) ശരിയായ അവധാനത 7) ശരിയായ ഏകാഗ്രത 8) ശരിയായ പരിശ്രമം എന്നിവയാണവ ഈ മാർഗ്ഗങ്ങൾ സ്വീകരിച്ച് ചതുര സത്യങ്ങൾ അറിയാൻ തീരുമാനിക്കുന്നവർ ചെയ്യേണ്ട അഞ്ച് ശീലങ്ങളാണ് എല്ലാവരും പൊതുവിൽ പഞ്ച ശീലങ്ങൾ എന്നറിയപ്പെടുന്നു. 1) ജന്തു ഹിംസ ഒഴിവാക്കുക. 2) മോഷ്ടിക്കാതിരിക്കുക. 3)ബ്രഹ്മചര്യഭംഗം ഒഴിവാക്കുക.4) അസത്യം പറയാതിരിക്കുക. 5) ലഹരി വർജ്ജിക്കുക എന്നിവ. ഈ അഞ്ച് നിഷേധാത്മക നിയമങ്ങളിൽ ആദ്യത്തെ നാലും യമങ്ങൾ എന്ന പേരിൽ യോഗ ശാസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നവ തന്നെയാണ്. ഇത്തരത്തിൽ ഒരു സത്യാൻവേഷകൻ തന്റെ യാത്ര തിരിക്കുമ്പോൾ കൂടെ കൂട്ടേണ്ട മന്ത്രങ്ങളെ ശരണത്രയങ്ങൾ എന്നു വിളിക്കുന്നു. ഇങ്ങനെ 4 സത്യങ്ങൾ 8 മാർഗ്ഗങ്ങൾ 5 ശീലങ്ങൾ എന്നിവയിലൂടെയാണ് മോക്ഷം ലഭിക്കുക എന്നാണു വിശ്വാസം. ഈ പതിനേഴും പിന്നെ പരമമായ മോക്ഷവും ചേർന്ന പടികളാണ് പതിനെട്ടാം പടികൾ എന്ന് അറിയപ്പെട്ടിരുന്നത്.


കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് അലിഖിതമായ നിയമം എങ്കിലും പലരും അത് സ്വീകരിച്ചു കൊള്ളണമെന്നില്ല. എന്നാൽ. അതിലും കടുത്ത വ്രതങ്ങൾ നോക്കുന്നവരും ഉണ്ട്. എന്നാൽ കൃത്യമായ വൃതങ്ങൾ അനുഷ്ഠിക്കണമെന്ന കടും പിടുത്തം ഉള്ളതായി കാണുന്നില്ല. ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ "കന്നി അയ്യപ്പൻ" അഥവ "കന്നിസ്വാമി" എന്നു വിളിക്കുന്നു. ഒരു പെരിയസ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത്. 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിയ്ക്കും ഗുരുസ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചികമാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് "വെള്ളംകുടി (ആഴിപൂജ, പടുക്ക)" എന്ന ചടങ്ങ് നടത്തുന്നു. ശബരിമലക്ക് പോകും മുമ്പായി "കെട്ടുനിറ" അഥവാ "കെട്ടുമുറുക്ക്" എന്ന കർമ്മം നടത്തുന്നു. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറയ്ക്കുന്നു. വീട്ടിൽ വച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ച്, നാളികേരം ഉടച്ച്, പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പന്മാർ യാത്ര പുറപെടുന്നു.


എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി വലിയമ്പലം ശാസ്താക്ഷേത്രത്തിന്റെ മുൻവശത്തുള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി "സ്വാമിയുടെ കോട്ടപ്പടി" എന്ന ആ സ്ഥാനം കടക്കുന്നു. തുടർന്ന് വാവരുസ്വാമി നടയിലും തൊഴുത് പേരൂർതോട് കടന്ന് കാളകെട്ടി വഴി അഴുതയിലെത്തുന്നു. പിന്നീട് അഴുതാനദിയിലെ സ്നാനമാണ്. പമ്പാനദിയുടെ ഒരു പോഷകനദിയാണ് അഴുതാനദി. കന്നി അയ്യപ്പന്മാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടുന്നു. പിന്നീട് കല്ലിടാംകുന്നിലെത്തി ശേഖരിച്ച കല്ലുകൾ അവിടെ നിക്ഷേപിക്കുന്നു. മുക്കുഴിതീർത്ഥവും കരിയിലംതോടും കടന്ന്, അതികഠിനമായ കരിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പവിളക്കൊരുക്കും. തുടർന്ന് പമ്പാനദിയിൽ മുങ്ങിക്കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരുസ്വാമിയ്ക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പമ്പസദ്യയുണ്ട് പമ്പയിലെ ഗണപതിക്ഷേത്രത്തിൽ തൊഴുത് നീലിമലകയറ്റം തുടങ്ങുന്നു.


പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിമേടും, ഇപ്പാച്ചിമേടും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. അല്പനേരം കഴിഞ്ഞാൽ പരമപവിത്രമായ ശബരീശസന്നിധിയിൽ ഭക്തരെത്തുന്നു. പതിനെട്ടാം പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്രനടയിലെത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു. തുടർന്ന്, കെട്ടഴിച്ച് നെയ്തേങ്ങ പുറത്തെടുത്ത് ഉടച്ച്, തേങ്ങയുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു. നെയ്യ് ജീവാത്മാവും തേങ്ങ ശരീരവുമാണെന്നാണ് വിശ്വാസം. അതിനാൽ, നെയ്യ് പുറത്തെടുക്കുന്നതോടെ തേങ്ങ ജഡമായതായി സങ്കല്പിയ്ക്കപ്പെടുന്നു. ഇങ്ങനെ മുറിച്ച തേങ്ങകൾ പിന്നീട് പതിനെട്ടാം പടിയ്ക്കടുത്തുള്ള ആഴിയിൽ നിക്ഷേപിയ്ക്കുന്നു.

തുടർന്ന്, പ്രദക്ഷിണമായി വന്ന് കന്നിമൂല ഗണപതിയെയും നാഗദൈവങ്ങളെയും തൊഴുത് ഭക്തർ അടുത്തുള്ള മാളികപ്പുറത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. ഭക്തർ ഇവിടെയും കുളിയ്ക്കുന്നു. മാളികപ്പുറത്തമ്മയുടെ നടയിൽ യഥാവിധി വഴിപാടുകൾ കഴിച്ച് സമീപത്തുള്ള കൊച്ചുകടുത്ത, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരെയും വണങ്ങുന്ന ഭക്തർ തുടർന്ന് അവശേഷിച്ച നാളികേരങ്ങൾ നടയിൽ ഉരുട്ടുന്നു. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെയാണ്. മണിമണ്ഡപമുറ്റത്ത് നടത്തുന്ന പറകൊട്ടിപ്പാട്ട് പ്രശസ്തമാണ്. വേലൻ സമുദായത്തിൽ പെട്ടവരാണ് ഈ ആചാരം നടത്തുന്നത്. സ്വാമിമാരുടെയും മാളികപ്പുറങ്ങളുടെയും സമസ്തദോഷങ്ങളും ഇതോടെ തീർന്നുവെന്നാണ് വിശ്വാസം. പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങുന്ന ഭക്തർ സന്നിധാനത്തെ വാവരുനടയിലും തൊഴുത് അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര തുടങ്ങുന്നു. വീട്ടിലെത്തി കുളിച്ച് ശരണംവിളിച്ച് മാലയൂരുന്നതോടെ വ്രതം അവസാനിയ്ക്കുന്നു.


കടപ്പാട് - ഓൺലൈൻ മീഡിയാസ്

Copyright © Thazhoor Devaswom Committee 2022 -  All rights reserved.
About | Contact | Privacy Policy