Blogs

 

ശ്രീകൃഷ്ണ ജന്മാഷ്ടമി


ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണ അവതാരം

ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു.

അസുരന്മാരുടെ ചെയ്തികളിൽ മടുത്ത ഭൂമി ദേവി പശുവിൻ്റെ രൂപത്തിൽ ദേവലോകത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു. വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഗ്രഹിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു. ഇങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണവതരാം സ്വീകരിച്ച് ഭൂമിയിൽ ജനിച്ച ദിവസമാണ് ജന്മാഷ്ടമി.

അവതാര ഐതീഹ്യം

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻ്റെ ജനനമെന്നാണ്‌ ഐതിഹ്യം. ഈ ദിവസത്തെ പേമാരിയെയും കോടമഞ്ഞും കൊടുങ്കാറ്റിനെ കുറിച്ച് അതിഭീകരമായാണ് ഭാഗവതത്തിൽ പറയുന്നത്. മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ ജനിക്കുന്നത്. അധികാര മോഹിയായ ദേവകിയുടെ സഹോദരൻ കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. എന്നാൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കംസനെ വല്ലാതെ ഭയപ്പെടുത്തി. തുടര്‍ന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിച്ചു. ഏഴാമത്തെ പുത്രനായ ബലരാമൻ്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെട്ടു. അലറി പെയ്യുന്ന പേമാരിക്കും ആടിത്തിമിര്‍ത്ത കൊടുങ്കാറ്റിനുമിടെ രോഹിണി നാളിൽ സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ചു. എന്നാൽ കൃഷ്ണൻ്റെ ജനനം നടന്ന ഉടൻ തന്നെ വസുദേവര് അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു. നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട്‌ കിടത്തി. കുഞ്ഞ് പ്രസവിച്ചുവെന്ന കാര്യം അറിഞ്ഞ കംസൻ സാക്ഷാൽ മായാദേവിയായ ആ ശിശുവിനെ വിധിക്കുവാൻ വേണ്ടി തുനിഞ്ഞു. എന്നാൽ ബാലിക ആകാശത്തിലേക്ക് പറന്ന് നിൻ്റെ അന്തകൻ ഭൂമിയിൽ ജനിച്ചുവെന്ന് കംസനോട് പറഞ്ഞു. ഇത് കേട്ട ഭയചകിതനായ കംസൻ ആയിടയ്ക്ക് ജനിച്ച എല്ലാ കുട്ടികളെയും നിഗ്രഹിക്കാൻ പൂതന എന്ന രാക്ഷസിയെ നിയോഗിച്ചു.

കംസവധം

അമ്പാടിയിലാണ് ശ്രീകൃഷ്ണൻ കളിച്ചുവളര്‍ന്നത്. ഇവിടെ എത്തിയ പൂതന വിഷംപുരട്ടിയ മുലപ്പാൽ കൃഷ്ണന് നൽകി. എന്നാൽ കൃഷ്ണനാകട്ടെ മുലപ്പാൽ കൂടാതെ പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. ഇതിന് ശേഷം കൃഷ്ണനെ കൊല്ലാനായി തൃണാര്‍ത്തന്‍ എന്ന അസുരനെ കംസനയച്ചു. കൊടുങ്കാറ്റായി എത്തിയ അസുരൻ ശ്രീകൃഷ്ണനെയും എടുത്തുകൊണ്ട് പറന്നു. കഴുത്തിൽ ഞെരുക്കി തൃണാര്‍ത്തനെ ശ്രീകൃഷ്ണൻ വധിച്ചു. പിന്നീട് കംസനയച്ച ശകടാസുരൻ, വൽസൻ, ബകൻ, അഘൻ, എന്നീ അസുരന്മാരെയെല്ലാം ശ്രീകൃഷ്ണൻ വധിച്ചുകളഞ്ഞു. എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോള്‍ കംസൻ ധനുര്‍യാഗം നടത്താൻ തീരുമാനിച്ചു. മധുരാപുരിയിലെ യാഗത്തിൽ എത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാൻ വന്ന കംസനെ കൃഷ്ണൻ വധിച്ചു.

കടപ്പാട്: https://malayalam.samayam.com/

Copyright © Thazhoor Devaswom Committee 2022 -  All rights reserved.
About | Contact | Privacy Policy